ന്യൂഡൽഹി: ചില്ലറവിപണിയിൽ പച്ചക്കറി കുതിച്ചുയരുന്ന വിലവര്‍ധന വീട്ടമ്മമാരുടെ ഗാർഹിക ബജറ്റിനെ സാരമായി ബാധിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ പച്ചക്കറിയുടെ പണപ്പെരുപ്പ നിരക്ക് 15 ശതമാനമായി ഉയർന്നിരുന്നു. ചില്ലറ വിൽപന കടകളിൽ പച്ചക്കറി വില ഇരട്ടിയായി. സവാള, തക്കാളി വില എന്നിവ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും, വലിയ നഗരങ്ങളിൽ സവാള കിലോക്ക് 50 രൂപയിൽ കൂടുതലും തക്കാളി വില കിലോക്ക് 60-80 രൂപ വരെയുമാണ്. വെളുത്തുള്ളി വില കിലോക്ക് 250-300 രൂപയാണ്, പച്ച പച്ചക്കറികൾക്കും വില കൂടുതലാണ്. ഉരുളക്കിഴങ്ങ് വിലയിലും വര്‍ധിച്ചു.
രണ്ട് മാസം മുമ്പ് തനിക്ക് 500 രൂപക്ക് ലഭിച്ചിരുന്ന അതേ അളവിലുള്ള പച്ചക്കറികൾക്കായി ഇപ്പോൾ 1,000 രൂപയിൽ കൂടുതൽ ചിലവാക്കേണ്ടി വരുന്നെന്നും ഇത് തന്‍റെ അടുക്കള ബജറ്റിനെ ബാധിക്കുന്നെന്നും കിഴക്കൻ ഡൽഹിയിലെ മണ്ഡവാലി സ്വദേശിയായ വീട്ടമ്മ സരിക പറഞ്ഞു.
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമായ വിലകളുടെ പട്ടിക അനുസരിച്ച്, ചില്ലറ വിപണിയിൽ സെപ്റ്റംബർ 18 ന് കിലോയ്ക്ക് 52 രൂപയായിരുന്ന സവാള വില ഈ മാസം കിലോക്ക് 60 രൂപയായി ഉയർന്നു. സെപ്റ്റംബർ 18ന് കിലോയ്ക്ക് 36 രൂപയുമായിരുന്ന തക്കാളി വില വെള്ളിയാഴ്ച 56 രൂപയിൽ എത്തി. ചില സ്ഥലങ്ങളിൽ ഇത് കിലോഗ്രാമിന് 60 രൂപയായി ഉയർന്നു. ഒരു മാസം കൊണ്ട് 20 രൂപയുടെ വർധനവാണുണ്ടായത്.
കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റിയുടെ(എപിഎംസി) വില പട്ടിക പ്രകാരം, ആസാദ്‌പൂർ വിപണിയിൽ ഉള്ളിയുടെ മൊത്ത വില കിലോഗ്രാമിന് 17.50-35 രൂപയും വിതരണം 703.5 ടണ്ണുമാണ്. തക്കാളിയുടെ മൊത്തവില കിലോക്ക് 12-40 രൂപയും വിതരണം 349.7 ടണ്ണും , ഉരുള കിഴങ്ങ് മൊത്ത വില കിലോയ്ക്ക് 6-24 രൂപയും വിതരണം 1,478.1 ടണ്ണും ആണ്. സവാള, തക്കാളി എന്നിവയുടെ പ്രധാന വിതരണക്കാരായ സംസ്ഥാനങ്ങളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ വിതരണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നെന്ന് എപിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈയാഴ്ച പുറത്തിറക്കിയ ചില്ലറ വിൽപന അടിസ്ഥാനമാക്കിയുള്ള പച്ചക്കറികളുടെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 15.40 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 5.11 ശതമാനമായും ഉയർന്നു.