ന്യൂഡൽഹി: സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനായി ഉപഭോഗം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ. ആറുവർഷത്തെ താഴ്ന്ന വളർച്ചയിലെത്തിയ സമ്പദ്‌വ്യവസ്ഥക്കായി കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാർ സ്വീകരിച്ച നടപടികൾ അവതരിപ്പിക്കവേയാണ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ ഇക്കാര്യം പറഞ്ഞത്.
കോർപറേറ്റ് നികുതി നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകളുടെ മൂലധനവൽക്കരണവും റിയൽറ്റി പ്രോജക്‌ടുകൾക്ക് ധനസഹായം നൽകിയതും സുബ്രഹ്മണ്യൻ സൂചിപ്പിച്ചു. 3.38 ലക്ഷം കോടി രൂപയുടെ ബഡ്‌ജറ്റ് തുകയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 66 ശതമാനം ഇതിനകം സർക്കാർ ചെലവഴിച്ചുവെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് പറഞ്ഞു.
റീട്ടെയിൽ വായ്‌പ നൽകുന്നതിന് 4.47 ലക്ഷം കോടി രൂപ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കും അനുവദിച്ചു. പാർഷ്യൽ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം പ്രകാരം 7,657 കോടി രൂപയുടെ 17 നിർദേശങ്ങൾക്ക് അംഗീകാരം നൽകി. 70,000 കോടി രൂപയുടെ എട്ട് ലക്ഷത്തിലധികം റിപ്പോ ലിങ്ക്ഡ് വായ്‌പകൾ നവംബർ 27 വരെ അനുവദിച്ചു. കൂടാതെ 60,314 കോടി രൂപ മൂലധനം പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിച്ചെന്നും സുബ്രഹ്മണ്യൻ പറഞ്ഞു