ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരി വിൽപ്പനയിലേക്ക് അന്താരാഷ്ട്ര ബിഡ്ഡുകൾ ആകർഷിക്കുന്നതിനായി വ്യോമയാന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) പരിധി 49 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നു.
നിലവിലെ വ്യോമയാന എഫ്‌ഡിഐ പരിധി ആകർഷകമല്ലെന്നും ഇത് വർധിപ്പിക്കുന്നത് എയർ ഇന്ത്യ, ജെറ്റ് എയർവേസ് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയുള്ള വിമാനക്കമ്പനികൾക്ക് സഹായകമാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ആഭ്യന്തര വിമാനക്കമ്പനികളുടെ എഫ്‌ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് ജൂലൈയിലെ കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു . വിദേശ നിക്ഷേപത്തിനായി വ്യോമയാന മേഖല കൂടുതൽ തുറന്ന് കൊടുക്കുന്നതിനായി ഏവിയേഷൻ, മീഡിയ (ആനിമേഷൻ, എവിജിസി), ഇൻഷുറൻസ് മേഖലകളിലെ പങ്കാളികളുമായി ആലോചിച്ച് നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നിലവിലെ എസ്‌ഒഇസി ചട്ടങ്ങൾ പ്രകാരം ആഭ്യന്തര വ്യോമയാന മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 49 % പരിധി നിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല, ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യക്കാരുടെ കൈവശവുമായിരിക്കണം. എസ്‌ഒഇസി ചട്ടങ്ങൾ കൂടി പരിഗണിച്ച് മാത്രമേ ഈ മേഖലയിൽ എഫ്‌ഡിഐ ഉദാരവൽക്കരണം നടത്തുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.