ഹൈദരാബാദ്: കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് വ്യാപാരത്തിലും വാണിജ്യത്തിലുമാണ്. ചൈനയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള സ്പെയർ പാർട്‌സ് ഇറക്കുമതി നിലച്ചതിനാൽ സിയോൾ ആസ്ഥാനമായുള്ള ഹ്യൂണ്ടായുടെ പതിമൂന്ന് വാഹന പ്ലാന്‍റുകളിൽ ഏഴെണ്ണം അടച്ചു കഴിഞ്ഞു.
ഇന്ത്യയുടെ കാര്യം പരിശോധിച്ചാൽ ആന്ധ്രയിൽ നിന്നുള്ള മുളക്, മഹാരാഷ്ട്രയിൽ നിന്നുള്ള പരുത്തി തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന പ്രാദേശിക കർഷകരെയും വ്യവസായങ്ങളെയും കൊറോണ ഭീതി ബാധിച്ചു തുടങ്ങി. ഭക്ഷ്യ സുരക്ഷ ഗുണ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ചട്ടങ്ങൾ പാലിക്കാത്ത ചൈന, മ്യാൻമർ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പാക്ക് ചെയ്‌ത ഭക്ഷ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നത് മണിപ്പൂർ നിരോധിച്ചു.
കൊറോണ വൈറസ് ബാധയുടെ വ്യാപനത്തിൽ കുറവുണ്ടായില്ലെങ്കിൽ ചൈനയെ മാത്രമല്ല, ചൈനയുമായി വാണിജ്യ, ടൂറിസം ബന്ധങ്ങളുള്ള എല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നത് വ്യക്തമാണ്.
ധനനയം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, സമ്പദ്‌വ്യവസ്ഥയിൽ കൊറോണ വൈറസിന്‍റെ ആഘാതം നേരിടാൻ ഒരു പദ്ധതി തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
സാർസിനേക്കാൾ അപകടകാരിയായ കൊറോണ
2003ൽ സാർസ്(സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം) പൊട്ടിപ്പുറപ്പെട്ടതിനേക്കാൾ കൊറോണ വൈറസ് ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് എച്ച് ഐ എസ് മാർക്കിറ്റ് റിപ്പോർട്ട് പറയുന്നു.
സാർസ് ബാധയുടെ സമയത്ത് ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ചൈന ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. അന്ന് ലോക ജിഡിപിയുടെ 4.2 ശതമാനവും മാത്രമായിരുന്നു എങ്കിൽ ഇന്ന് ലോക ജിഡിപിയുടെ 16.3 ശതമാനവും ചൈനയുടേതാണ്. അതിനാൽ, ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ ഏത് മാന്ദ്യവും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ ഗുരുതരമായി സ്വാധീനിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.ചൈന എണ്ണ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രിയിക്കുന്നത് ഗൾഫ് രാജ്യങ്ങളെ ആയതിനാൽ ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് പുറമേ, ഗൾഫ് രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കും. 2019 ൽ ചൈനയുടെ എണ്ണ ആവശ്യം പ്രതിദിനം 13.9 ദശലക്ഷം ബാരൽ( ലോകത്തെ മൊത്തം ആവശ്യകതയുടെ 14%) ആണ്. 2003 ൽ ഇത് 5.6 ദശലക്ഷം ( ലോകത്തെ മൊത്തം ആവശ്യകതയുടെ 7%) ആയിരുന്നു.
ഈ നില തുടർന്നാൽ ആഗോള യഥാർത്ഥ ജിഡിപി ജനുവരി-മാർച്ച് മാസങ്ങളിൽ 0.8 ശതമാനവും ഏപ്രിൽ-ജൂൺ മാസങ്ങളിൽ 0.5 ശതമാനവും കുറയും.