ന്യൂഡൽഹി: ജനുവരി 31 മുതൽ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം വിളിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാർലമെന്‍ററി കാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) സമ്മേളന തീയതികൾ ശുപാർശ ചെയ്‌തതിന് ശേഷം അവസാന തീയതികൾ സർക്കാർ അറിയിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിൽ സിസിപിഎയുടെ യോഗം ഉടൻ നടക്കുമെന്നും അതിനുശേഷം ശുപാർശകൾ നൽകുമെന്നും അറിയിച്ചു.
പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ പ്രസംഗത്തോടെ ബജറ്റ് സെഷൻ ആരംഭിക്കുമെന്നും സാമ്പത്തിക സർവേ അതേ ദിവസം തന്നെ അവതരിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ വരെ സമ്മേളനം തുടരും.