ന്യൂഡൽഹി: 2020-21 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനും സാമ്പത്തിക സർവേ ജനുവരി 31 ന് ആയിരിക്കാനും സാധ്യതയെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
2020 ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച അവധി ദിനമായതിനാൽ ബജറ്റ് ദിനത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന ദിനത്തിന്‍റെ കാര്യത്തിൽ സർക്കാർ പാരമ്പര്യം തുടരും എന്ന് പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വെള്ളിയാഴ്‌ച പറഞ്ഞു. 2015-16 ൽ ശനിയാഴ്‌ച ബജറ്റ് അവതരിപ്പിച്ചിരുന്നു.
മോദി സർക്കാർ ബജറ്റ് അവതരണ തീയതി അവസാന പ്രവൃത്തി ദിവസത്തിൽ നിന്ന ആദ്യത്തെ പ്രവൃത്തി ദിവസമാക്കി മാറ്റാൻ തീരുമാനിക്കുകയും അതനുസരിച്ചാണ്, 2017-18 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്.
മാർച്ച് 31 നകം ബജറ്റ് പ്രക്രിയ പൂർത്തിയാക്കി ഏപ്രിൽ ഒന്ന് മുതൽ 12 മാസത്തേക്കുള്ള ചെലവ് സംബന്ധമായ നടപടികൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്.
മോദി സർക്കാരിന്‍റെ രണ്ടാം ഭരണ കാലഘട്ടം ആരംഭിച്ചതിന് ശേഷം ജൂലൈ അഞ്ചിനാണ് പൊതു ബജറ്റ് അവതരിപ്പിച്ചത്. ഒരു ദിവസം മുമ്പ് ജൂലൈ 4 ന് അവതരിപ്പിച്ച 2019 സാമ്പത്തിക സർവേയിൽ 2030 ൽ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്നതിനായിരുന്നു ഊന്നൽ നൽകിയിരുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ (ജിഡിപി) ഏഴു മുതൽ എട്ട് ശതമാനം വരെ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ വർഷവും നീക്കിവെച്ചാൽ മാത്രമേ 2030 ൽ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ സാധിക്കൂ.