ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 22 ന് നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) പിന്തുണ പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി ഒക്ടോബർ 22 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് ആഹ്വാനം. ഇത്തരത്തിൽ ബാങ്കുകളെ ലയിപ്പിച്ച് ആറ് പ്രധാന ദേശസാൽകൃത ബാങ്കുകൾ അടച്ചുപൂട്ടാനുള്ള സർക്കാരിന്‍റെ തീരുമാനം തീർത്തും അനാവശ്യമാണെന്ന് എഐടിയുസി ആരോപിച്ചു.
ആന്ധ്ര ബാങ്ക്, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, കോർപ്പറേറ്റ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.