വില്‍പനക്കായി സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ടോയ്ലറ്റുകളിലും ചവിട്ടിയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ഓണ്‍ലൈന്‍ കമ്പനിയായ ആമസോണിനെതിരെ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ലഭിച്ച പരാതിയുടെ പേരില്‍ നോയിഡ പെലീസാണ് കമ്പനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിദേശ കമ്പനിയായ ആമസോണ്‍ ഹിന്ദുമതത്തിന്റെ വികാരങ്ങളെ മാനിക്കാത്ത രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്ത് വര്‍ഗീയതയ്ക്ക് കാരണമാകുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന കമ്പനിക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വിവാദമായ ഉല്‍പന്നങ്ങള്‍ സൈറ്റില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ രീതിയിലുള്ള പ്രതിഷേധമായിരുന്നു ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ബോയ്ക്കോട്ട് ആമസോണ്‍ എന്ന പേരില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അടക്കമുള്ളവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രചരണം. തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കില്ലെന്ന് കാണിച്ച് മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് പുറത്ത് വിട്ടിരുന്നു