യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമാതാക്കളായ ആർഇസി ഗ്രൂപ്പിനെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തേക്കും.
ചൈനീസ് നാഷണൽ കെമിക്കൽ കോർപ്പറേഷന്‍റെ (ChemChina) കീഴിലുള്ള ആർഇസി ഗ്രൂപ്പിനെ 1-1.2 ബില്യൺ ഡോളറിനാകും റിലയൻസ് സ്വന്തമാക്കുക.
Also Read: 3,600 കോടിയുടെ ഗോ ഫസ്റ്റ് ഐപിഒയ്ക്ക് SEBI അംഗീകാരം
ഹരിത ഊർജ മേഖലയിൽ വലിയ പദ്ധതികൾക്ക് തയ്യാറാകുന്ന റിലയൻസിന് മികച്ച സാങ്കേതികവിദ്യയും ഉത്പാദന ശേഷിയും കരാറിലൂടെ ലഭ്യമാകും.
ഫോട്ടോവോൾട്ടെയ്ക്ക് (PV) ആപ്ലിക്കേഷനുകൾക്കും മൾട്ടി-ക്രിസ്റ്റലിൻ വേഫറുകൾക്കുമുള്ള സിലിക്കൺ മെറ്റീരിയൽസ് നിർമ്മിക്കുന്ന കമ്പനിയാണ് ആർഇസി.
കൂടാതെ സോളാർ സെല്ലുകളും മൊഡ്യൂളുകളും കമ്പനി നിർമ്മിക്കുന്നുണ്ട്. ഇതുവരെ 40 മില്യണ്‍ സോളാർ പാനലുകൾ നിർമിച്ച കമ്പനിയുടെ പ്രതിവർഷ ശേഷി 1.5 ജിഗാവാട്ടാണ്.
അടുത്ത മൂന്ന് കൊല്ലം കൊണ്ട് 75,000 കോടി രൂപയുടെ നിക്ഷേപം ആണ് ഹരിത ഊർജ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്.
അതിന്‍റെ ഭാഗമായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനര്‍ജി കോംപ്ലക്‌സ് സ്ഥാപിക്കും. മൂന്ന് ജിഗാ ഫാക്ടറികളാകും കോംപ്ലക്‌സിൽ ഉണ്ടാവുക.
സോളാർ എനർജിയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഫോട്ടോവോൾട്ടിക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഫാക്ടറി എന്നിവയാണ് സ്ഥാപിക്കുന്നത്.