ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം തന്നെ രാജ്യത്തെ വാഹന വിപണി വീണ്ടും ഇടിയാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. യാത്രാ വാഹനങ്ങളുടെ വിപണിയില്‍ നാല് മുതല്‍ ഏഴ് ശതമാനം വരെയാണ് ഇടിവ് വരാന്‍ സാധ്യതയായി കണക്കാക്കുന്നത്. പ്രമുഖ റെയ്റ്റിങ് ഏജന്‍സിയായ ഐസിആര്‍എ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21.6 ശതമാനത്തിന്‍റെ ഇടിവ് ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ഗുഡ്സ് വാഹനങ്ങളുടെ വില്‍പനയില്‍ അഞ്ച് ശതമാനം വരെ ഇടിവുണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക മാന്ദ്യം, ഉപഭോക്ത വികാരം, സുരക്ഷാക്കായി വന്ന മാറ്റത്തിലെ വര്‍ധിച്ച ചിലവ്, ഇഎംഐയില്‍ ഉണ്ടായ വര്‍ധനവ് എന്നിവയെല്ലാം വിപണിയെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ഉത്സവ സീസണുകളില്‍ ഗുണം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഐസിആര്‍എ വൈസ് പ്രസിഡന്‍റ് സുഭ്രതാ റായി പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഡിമാൻഡ് ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കുക, പൊതുഗതാഗതത്തിന്‍റെയടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ ധനസഹായം വർധിപ്പിക്കുക എന്നിവയാണ് മറ്റ് പരിഹാര മാര്‍ഗങ്ങളെന്നും ഇദ്ദേഹം നിര്‍ദേശിച്ചു.