ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കാനായി 1.5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ. 5 ജിയെക്കുറിച്ച് ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കമ്പനിയുടെ റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് വകുപ്പില്‍ മൂന്നിരട്ടി ജീവനക്കാരെ അധികമായി നിയമിക്കുമെന്നും ഒപ്പോ അറിയിച്ചു.
ഉല്‍പന്നത്തിന്‍റെ രൂപത്തിലും കാര്യമായി മാറ്റം വരുത്തും. ഇതിന് പുറമെ ഫ്ലാഷ് ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളും 5 ജി ഫോണുകളില്‍ ഉണ്ടാകുമെന്നാണ് കമ്പനിയുടെ റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് വിഭാഗം തലവന്‍ തസ്ലീം ആരിഫ് പുറത്ത് വിടുന്ന വിവരം. ഇതിനായുള്ള പരീക്ഷണങ്ങള്‍ ഏകദേശം പകുതിയോളമായെന്നും റിലയന്‍സ് ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നി ടെലികോം കമ്പനികളുമായിവിപണി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ല്‍ തന്നെ ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കുമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ആദ്യം 5 ജി അവതരിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഒപ്പോ ആയിരിക്കുമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാറായെന്നും ക്വാല്‍കോം പ്രസിഡന്‍റ് ക്രിസ്ത്യാനോ അമോന്‍ പറഞ്ഞു.