തിങ്കളാഴ്‌ച ആമസോണിന്‍റെ സിഇഒ ആയുള്ള അവസാന ദിനമാണ് ജെഫ് ബെസോസിന്‍റേത്. 1994 ജൂലൈ അഞ്ചിനാണ് ബെസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്. വാടക വീടിന്‍റെ ഗ്യാരേജിൽ തുടങ്ങിയ ആമസോണിനെ കഴിഞ്ഞ 27 വർഷവും നയിച്ചത് ബെസോസ് തന്നെയാണ്. ആൻഡി ജസിയാണ് ബസോസിന്‍റെ പിൻമുറക്കാരനായി ആമസോണിന്‍റെ സിഇഒ പദവിയിലെത്തുന്നത്.
Also Read: 'വ്യക്തി ജീവിതത്തെ ബാധിക്കുന്നു' ; വർക്ക് ഫ്രം ഹോം സമ്മർദം കൂട്ടിയെന്ന് സർവെ
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായി സിഇഒ പദവി ഒഴിയുന്ന ജെഫ് ബെസോസ് ആമസോണിന്‍റെ എക്സിക്യുട്ടീവ് ചെയർമാനായി തുടരും. തന്‍റെ എയ്‌റോ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ കേന്ദ്രീകരിച്ചാകും 57കാരനായ ബെസോസിന്‍റെ വരുംകാല പ്രവർത്തനങ്ങൾ.
കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ഡേ വണ്‍ ഫണ്ട്, പരിസ്ഥിതി പ്രവർത്തനങ്ങളക്കുള്ള എർത്ത് ഫണ്ട് , 2013ൽ സ്വന്തമാക്കിയ പത്രം വാഷിങ്ങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയുടെ കാര്യങ്ങളിലും ബെസോസ് വ്യാപൃതനാവും എന്നാണ് റിപ്പോർട്ടുകൾ.
ഇനി ആൻഡി ജസി
1.7 ട്രില്യണ്‍ യുഎസ് ഡോളറിന്‍റെ ആസ്ഥിയുള്ള ആമസോണ്‍ സാമ്രാജ്യം ഇനി ആൻഡി ജസിയുടെ കൈകളിലാണ്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി സ്വന്തമാക്കിയ ജസി 1997ൽ ആണ് ആമസോണിന്‍റെ ഭാഗമാവുന്നത്. മാർക്കറ്റിംഗ് മാനേജർ ആയാണ് തുടക്കം.
2006ൽ ക്ലൗഡ് കംപ്യൂട്ടിങ്ങ് പ്ലാറ്റ് ഫോമായ ആമസോൺ വെബ് സർവീസിന്‍റെ ഭാഗമായി. 2016ൽ അദ്ദേഹത്തെ ഫിനാൻഷ്യൽ ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു.
പിന്നീട് സീനിയർ വൈസ് പ്രസിഡന്‍റെ സ്ഥാനത്ത് നിന്ന് ജസി ആമസോണ്‍ വെബ് സർവീസിന്‍റെ സിഇഒ ആയി നിയമിതനായി. 2021 ഫെബ്രുവരി രണ്ടിനാണ് ജെഫ് ബെസോസിന്‍റെ പിന്‍ഗാമിയായി ജസിയെ പ്രഖ്യാപിക്കുന്നത്.