മുംബൈ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനൊരുങ്ങി തൊഴിലാളി കണ്‍സോഷ്യവും ആദി ഗ്രൂപ്പും. കമ്പനിയുടെ 75 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇവര്‍ കമ്പനിയെ അറിയിച്ചു.
ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ ചേര്‍ന്ന് സ്വന്തം കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സബ്ക സാത്ത് സബ്ക വികാസ് സബ്ക വിശ്വാസ് പദ്ധതിയില്‍ ഇതിനെ ഉള്‍ക്കൊള്ളിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജെറ്റ് എയര്‍വേയ്സ് തങ്ങള്‍ക്ക് സ്വന്തം കുടുംബം പോലെയാണെന്നും കമ്പനിയെ പുനര്‍ജീവിപ്പിക്കാനുള്ള പ്രയത്നം വെല്ലുവിളിയും ആവേശവും നിറഞ്ഞതാണെന്നും സൊസൈയറ്റി ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ് ജനറല്‍ സെക്രട്ടറി അശ്വിൻ ത്യാഗി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.