ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 52,750 കോടി രൂപ ദാനം ചെയ്ത് വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി. വിപ്രോയുടെ 34 ശതമാനം ഓഹരിയാണ് ഇതിനായി മാത്രം മാറ്റി വെച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്ന ആകെ തുക 1,45,000 കോടിയായി ഉയര്‍ന്നു.
ഇന്ത്യയില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളുടെ പുരോഗമനത്തിനും ആയാണ് തുക പ്രധാനമായും ചിലവഴിക്കുക. കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പിന്നോക്ക പ്രദേശങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ നൂറ്റിയമ്പതോളം സാമൂഹ്യ സംഘടനകളെ അസീം പ്രേംജി സഹായിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാണ് അദ്ദേഹം. വരുമാനത്തിന്‍റെ അമ്പത് ശതമാനം ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാമെന്ന കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ആദ്യ ഇന്ത്യന്‍ പൗരന്‍ കൂടിയാണ് പ്രേംജി. ബില്‍ഗേറ്റ്സ്, വാറൺ ബഫറ്റ് എന്നിവരാണ് ഈ കരാറില്‍ ഒപ്പു വെച്ചിരിക്കുന്ന മറ്റ് ധനികര്‍.