പുതിയ ഐടി നിയമപ്രകാരം ഫേസ്ബുക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. മെയ് 15 മുതൽ ജൂൺ 15 വരെ ഫേസ്ബുക്ക് നടപടിയെടുത്ത പോസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ. പത്തോളം വിഭാഗങ്ങളിൽ നിന്നായി മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. അതിൽ തീവ്രവാദ പ്രചാരണം നടത്തിയ 106,000 പോസ്റ്റുകൾക്കെതിരെയും നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടുന്ന 1.8 ദശലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചു.
Read More:'നീക്കിയ വിവരങ്ങള്‍ എന്തൊക്കെ?', ഫേസ്ബുക്ക് റിപ്പോര്‍ട്ട് നല്‍കും
അതേ സമയം ഫേസ്ബുക്കിന്‍റെ സഹോദര സ്ഥാപനമായ ഇൻസ്റ്റഗ്രാം ഇതേ കാലയളവിൽ 20 ലക്ഷം പോസ്റ്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒമ്പതോളം വിഭാഗങ്ങളിൽ നിന്നായുള്ള പോസ്റ്റുകൾക്കെതിരെയാണ് ഇൻസ്റ്റഗ്രാം നടപടി. ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നീ വിഭാഗത്തിലാണ് (699,000) ഇൻസ്റ്റഗ്രാം ഏറ്റവും അധികം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
വാട്‌സ്ആപ്പിലെ വിവരങ്ങൾ ജൂലൈ 15ന്
ജൂലൈ 15ന് നടപടികൾ സംബന്ധിച്ച അന്തിമ റിപ്പോർട്ടും ഫേസ്ബുക്ക് സമർപ്പിക്കും. ജൂലൈ 15ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പിന്‍റെ വിവരങ്ങളും ഉൾപ്പെടുത്തും. ഗൂഗിളിനും യൂട്യൂബിനും ഏപ്രിലിൽ മാസം 27,762 പരാതികളാണ് ലഭിച്ചത്. ഇതിൽ 59,350 ഉള്ളടക്കങ്ങളാണ് ഗൂഗിൾ നീക്കം ചെയ്തത്. ട്വിറ്ററിന്‍റെ ഇന്ത്യൻ പതിപ്പായ കൂ ആപ്ലിക്കേഷനിൽ ജൂൺ മാസം 5,502 പോസ്റ്റുകൾക്കെതിയാണ് ഉപഭോക്താക്കൾ പരാതി നൽകിയത്.
Also Read: എമർജൻസി ഡാറ്റ ലോണുമായി ജിയോ, വിശദാംശങ്ങൾ അറിയാം
സമൂഹ മാധ്യമങ്ങളിലെത്തുന്ന പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പുതിയ ഐടി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ഫേസ്ബുക്ക് റിപ്പോർട്ട് സമർപ്പച്ചത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും തടയുക ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ ഐടി നിയമങ്ങൾ (ഐടി റൂൾസ്-2021/ഇന്‍റർമീഡിയറി ഗൈഡൻസ് അൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) അവതരിപ്പിച്ചത്. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങളെയാണ് പുതിയ നിയമം ബാധിക്കുക.