ന്യൂഡല്‍ഹി: 'ബൈജൂസ് ദ ലേണിങ് ആപ്പ്' സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബൈജുവിന്‍റെ വരുമാനത്തില്‍ മൂന്നിരട്ടി വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 1,430 കോടി രൂപയാണ് ഇക്കാലയളവില്‍ ബൈജുവിന്‍റെ വരുമാനം.
നിലവില്‍ കമ്പനിയുടെ 21 ശതമാനം ഓഹരികളും ബൈജുവിന്‍റെ ഉടമസ്ഥതയിലാണ്. പ്രതിമാസം 200 കോടിയിലധികമാണ് ബൈജുവിന്‍റെ നിലവിലെ വരുമാനം. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 3000 കോടി രൂപയുടെ വരുമാനമാണ്. അതേ സമയം സെപ്തംബര്‍ മാസം മുതലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജെഴ്‌സിയും ബൈജൂസ് ആപ്പ് ആയിരിക്കും സ്പോണ്‍സര്‍ ചെയ്യുക.
ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അധികം വൈകാതെ തന്നെ തിരുവനന്തപുരത്തും കൊച്ചിയിലും നിക്ഷേപം നടത്തുമെന്നും ബൈജു വെളിപ്പെടുത്തി.