മുംബൈ : ബജാജിന്‍റെ ഇലക്ട്രിക്ക് സ്കൂട്ടറായ ചേതക്കിന്‍റെ വില്‍പ്പന ഇരട്ടിയാക്കാനൊരുങ്ങി കമ്പനി. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ബജാജിന്‍റെ പ്രമുഖ ബ്രാന്‍ഡായ ചേതക്, 2019ലാണ് പുനര്‍നിര്‍മിച്ച് തുടങ്ങിയത്. 2022ല്‍ ആദ്യ ആറ് ആഴ്ചകള്‍ക്ക് ഉള്ളില്‍ തന്നെ കമ്പനി വാഹനത്തിന്‍റെ വില്‍പ്പന 12 പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.
Also Read: പുത്തന്‍ ലുക്കില്‍ ബലീനോയെത്തുന്നു ; അടിമുടി മാറ്റത്തിന് കമ്പനി
കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, മധുരൈ, ഹുബ്ലി, വിശാഖപട്ടണം, നാസിക്, വസായ്, സൂറത്ത്, ഡൽഹി, മുംബൈ, മപുസ തുടങ്ങിയ നഗരങ്ങളിലാണ് പുതിയതായി ബുക്കിംഗ് ആരംഭിച്ചത്. ഇതോടെ രാജ്യത്തെ 20 നഗരങ്ങളില്‍ വാഹനം ബുക്ക് ചെയ്യാം.
എളുപ്പമുള്ളതും കാര്യക്ഷമമായതുമായ സര്‍വീസിംഗും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.
ഉപഭോക്താക്കളുടെ ആശങ്ക കുറച്ച് വില്‍പ്പന ഇരട്ടിയാക്കാനാണ് കമ്പനിയുടെ നീക്കം. ഇലക്ട്രിക്ക് വാഹന നിര്‍മാണത്തില്‍ 300 കോടിയുടെ നിക്ഷേപം കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.