ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പടെയുള്ള മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആറുമാസത്തെ സാവകാശം തേടി അദാനി ഗ്രൂപ്പ്.
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും പണം അടയ്‌ക്കാനും അദാനി ഗ്രൂപ്പ് ആറുമാസത്തെ സമയം തേടിയത്. തിരുവനന്തപുരം കൂടാതെ ജയ്‌പൂർ, ഗുവാഹത്തി വാമാനത്താവളങ്ങളാണ് കമ്പനി ഏറ്റെടുക്കുക.
Also Read: പുരി വിമാനത്താവളം; 1000 ഏക്കർ സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ട്
അദാനി ഗ്രൂപ്പിന്‍റെ ആവശ്യം ഈ മാസം അവസാനം നടക്കുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോർഡ് മീറ്റിങ്ങിൽ ചർച്ച ചെയ്യും. 50 വർഷത്തെ ലീസിനാണ് അദാനി ഗ്രൂപ്പ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുക.
2020 സെപ്റ്റംബറിൽ അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കമ്പനിക്ക് ആറുമാസത്തെ അധികസമയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ നടപടി ചോദ്യം ചെയ്‌ത് കേരള സർക്കാരും തൊഴിലാളി സംഘടനകളും നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.