ന്യൂഡല്‍ഹി: പുതിയ ഐടി നിയമം അനുസരിച്ച് വാട്‌സ്ആപ്പ് ആദ്യ പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചു. മെയ് 15 നും ജൂൺ 15 നും ഇടയിൽ ലഭിച്ച പരാതികളും സ്വീകരിച്ച നടപടികളും ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. ഇക്കാലയളവിൽ 20 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് വിലക്കിയത്. 345 പരാതികളാണ് വാട്‌സ്ആപ്പിന് ലഭിച്ചത്.
ദോഷകരമോ അനാവശ്യമോ ആയ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് അക്കൗണ്ടുകളെ തടയുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. അസാധാരണമായ സന്ദേശങ്ങൾ അയയ്ക്കുന്ന ഈ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ തങ്ങൾക്കുണ്ടെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
Also Read: പുതിയ സ്വകാര്യത നയം ഉടനില്ല; ആരുടേയും സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്
വിലക്കേർപ്പെടുത്തിയ 95 ശതമാനത്തിലധികം അക്കൗണ്ടുകളും ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിംഗിന് ഉപയോഗിക്കുന്നവയാണ്. ഓരോ തവണയും സമയ പരിധി അവസാനിച്ച് 30-45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് പ്രസിദ്ധികരിക്കാൻ ശ്രമിക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ഡാറ്റാ ശേഖരണത്തിനും മൂല്യനിർണയത്തിനും മതിയായ സമയം ലഭിക്കുന്നതിനാണ് റിപ്പോർട്ട് പ്രസിദ്ധീകരണം വൈകിപ്പിക്കുന്നതെന്നും ഫെയ്‌സ്ബുക്കിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനി വ്യക്തമാക്കി.
ആഗോളതലത്തിൽ വാട്‌സ്ആപ്പ് പ്രതിമാസം ശരാശരി 80 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുന്നുണ്ട്. 2019 മുതൽ വിലക്കേർപ്പെടുത്തുന്ന അക്കൗണ്ടുകളുടെ എണ്ണം വർധിച്ചതായും വാട്‌സ്ആപ്പ് അറിയിച്ചു. ഇന്ത്യയിൽ വാട്‌സ്ആപ്പിന് 40 കോടി ഉപഭോക്താക്കളാണ് ഉള്ളത്.
സമൂഹ മാധ്യമങ്ങളിലെത്തുന്ന പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പുതിയ ഐടി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് വാട്‌സ്ആപ്പ് റിപ്പോർട്ട് സമർപ്പച്ചത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും തടയുക ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ ഐടി നിയമങ്ങൾ (ഐടി റൂൾസ്-2021/ഇന്‍റർമീഡിയറി ഗൈഡൻസ് അൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) അവതരിപ്പിച്ചത്. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങളെയാണ് പുതിയ നിയമം ബാധിക്കുക.