ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന വിമര്‍ശനവുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തില്‍ ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
നേരത്തെ അമേരിക്കന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിളായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യ 100 ശതമാനം നികുതി ഈടാക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് ഇവയുടെ തീരുവ 50 ശതമാനമായി ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍ തീരുവ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കണമെന്ന ആവശ്യവുമായാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് അമേരിക്ക തീരുവ ഈടാക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ 50 ശതമനാനം തീരുവ ഈടാക്കുന്നത് സ്വീകാര്യമല്ല. തീരുവ പൂജ്യം ശതമാനമാക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.