ന്യൂഡൽഹി: ടാറ്റ-മിസ്‌ത്രി വിഷയവുമായി ബന്ധപ്പെട്ട എൻസിഎൽടി(നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ)ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. വിധി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) സമർപ്പിച്ച ഹർജി പിൻതള്ളിക്കൊണ്ട് എൻസിഎൽടി പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്.
ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ, ജസ്‌റ്റിസുമാരായ ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അപ്പീൽ പരിഗണിക്കാൻ സമ്മതിക്കുകയും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. എൻസിഎൽടി വിധിക്കെതിരെ ടാറ്റാ സൺസ് സമർപ്പിച്ച ഹർജിയും ഇതിനൊപ്പം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ടാറ്റാ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി മിസ്‌ത്രിയെ പുനഃസ്ഥാപിക്കുന്നതിനുള്ള എൻസിഎൽടി വിധി ജനുവരി 10ന് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി, ഇത് സംബന്ധിച്ച് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് പൂർണ്ണമെല്ലന്ന് നിരീക്ഷിച്ചിരുന്നു.