ന്യൂഡല്‍ഹി: വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദിയുടെയും ഭര്‍ത്താവ് മായങ്ക് മെഹ്തയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സിംഗപൂര്‍ ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ മോദിയുമായി ബന്ധമുള്ള നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് സിംഗപൂര്‍ ഹൈക്കോടതിയുടെ നടപടി.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേഴ്സിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഈ നീക്കം. ബ്രിട്ടീഷ് ദ്വീപുകള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പവില്യൺ പോയിന്റ് കോർപ്പറേഷന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് ഉള്ളതെന്ന് ഏജൻസി അറിയിച്ചു. മോദിയുടെയും സഹോദരിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നിലവില്‍ മോദിയുടെ സഹോദരിയും ഭര്‍ത്താവും ബാങ്ക് തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലാണ്. 44.41 കോടി രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയ നീരവ് മോദിയ ബന്ധുകൂടിയായ മെഹുൽ ചോക്സിയെ പിടികൂടാനുള്ള ശ്രമങ്ങളും എന്‍ഫോഴ്സ്മെന്‍റ് ശക്തമാക്കി. ഇതിന്‍റെ ഫലമായി ഇന്ത്യ വിട്ട് ആന്‍റഗ്വയില്‍ താമസിക്കുന്ന ചോക്സിയുടെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ആന്‍റഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞിരുന്നു.