ന്യൂഡൽഹി: രത്തൻ ടാറ്റക്കും ടാറ്റ സൺസ് ലിമിറ്റഡിന്‍റെ മറ്റ് ബോർഡ് അംഗങ്ങൾക്കും എതിരെ മുംബൈയിലെ കീഴ്‌ക്കോടതിയിൽ വ്യവസായി നുസ്‌ലി വാഡിയ സമർപ്പിച്ച മാനനഷ്‌ടക്കേസ് സുപ്രീംകോടതി ജനുവരി 13ലേക്ക് മാറ്റി. ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇരു പാർട്ടികളും തമ്മിൽ ഇക്കാര്യം പരിഹരിക്കണമെന്ന് നിർദേശിക്കുകയും വാഡിയയെ അപകീർത്തിപ്പെടുത്താൻ ടാറ്റ ഉദ്ദേശിച്ചിട്ടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ കണ്ടെത്തൽ നിരീക്ഷിക്കുകയും ചെയ്‌തു.
കഴിഞ്ഞ വർഷം രത്തൻ ടാറ്റയും ടാറ്റാ സോണിലെ മറ്റ് അംഗങ്ങളും സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതി നുസ്‌ലി വാഡിയ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച മാനനഷ്‌ടക്കേസ് റദ്ദാക്കിയിരുന്നു. ടാറ്റാ സൺസിന്‍റെ ഗ്രൂപ്പ് ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയെ 2016 ഒക്‌ടോബർ 24ന് നീക്കം ചെയ്‌തതിന് ശേഷം രത്തൻ ടാറ്റയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ചാണ് വാഡിയ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.