മുംബൈ: ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാറില്‍ നിന്നും കൂടുതല്‍ പണം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എസ്ബിഐയുടെ വിശദീകരണം. വെള്ളിയാഴ്ച്ചയാണ് നിര്‍മ്മല സീതാരാമന്‍ സര്‍ക്കാരിന്‍റെ പുതിയ സമ്പത്തിക നയം പ്രഖ്യാപിച്ചത്.
നിലവിലെ ക്രയവിക്രയങ്ങള്‍ക്ക് ആവശ്യമായ മൂലധനം ബാങ്കിന്‍റെ കയ്യിലുണ്ട്. സാമ്പത്തിക രംഗത്തെ കുറിച്ചുള്ള മോശം വാര്‍ത്തകളാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണമാകുന്നത്. എസ്ബിഐക്ക് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും നിലവിലില്ലെന്നും മാനേജിങ്ങ് ഡയറക്ടര്‍ അരിജിത്ത് ബസു പറഞ്ഞു. ബാങ്ക് തങ്ങളുടെ അപ്രധാന ആസ്തി (നോണ്‍ കോര്‍ അസറ്റ്സ്) വില്‍പ്പനയിലൂടെ മൂലധനം സമാഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എസ്ബിഐയുടെ ഇന്‍ഷുറന്‍സ് വിഹിത ആസ്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്ന് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബാങ്കിന്‍റെ പൊതു മൂലധന സമാഹരണത്തിനുള്ള പദ്ധതികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് നടത്തുന്ന പുതിയ പരിഷ്കാരങ്ങളെകുറിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തുകയും അതി സമ്പന്നര്‍, വിദേശ നിക്ഷേപകര്‍, ആഭ്യന്തര സംരഭകര്‍ എന്നിവര്‍ക്കുള്ള നികുതിയിലും കേന്ദ്ര സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു.