ന്യൂഡൽഹി: നടൻ ഷാരൂഖ് ഖാൻ പ്രമോട്ടുചെയ്‌ത ഐപിഎൽ ക്രിക്കറ്റ് ടീമുമായി ബന്ധമുള്ള കമ്പനി ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളുടെ 70 കോടി രൂപയുടെ ആസ്‌തി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. റോസ് വാലി പോൻസി കുംഭകോണക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നടപടി. മൾട്ടിപ്പിൾ റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊൽക്കത്തയിലെ സെന്‍റ് സേവ്യേഴ്‌സ് കോളേജ്, നൈറ്റ് റൈഡേഴ്‌സ് സ്പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് സ്ഥാപനങ്ങൾ.
നടൻ ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാനും, നടി ജൂഹി ചൗളയുടെ ഭർത്താവ് ജയ് മേത്തയും ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ(ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉടമസ്ഥ കമ്പനിയാണ് നൈറ്റ് റൈഡേഴ്‌സ് സ്പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. റോസ് വാലി കമ്പനിക്കും ചെയർമാൻ ഗൗതം കുണ്ടു തുടങ്ങിയവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2015ൽ ഗൗതം കുണ്ടുവിനെ കൊൽക്കത്തയിൽ എൻഫോഴ്‌സ്മെന്‍റ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലെ കോടതികളിൽ ഒന്നിലധികം ചാർജ് ഷീറ്റുകൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഫയൽ ചെയ്‌തിട്ടുണ്ട്.