ന്യൂഡൽഹി: രാജ്യത്തിന്‍റെ സമ്പത്തും കൊവിഡ് വ്യാപനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..? പ്രത്യേകിച്ച് ഒരു ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്. സാമ്പത്തികമായി മെച്ചപ്പെട്ട ഒരു രാജ്യത്തിന് അവിടെത്തെ പൗരന്മാർക്ക് നല്ല ആരോഗ്യ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയും എന്നതിന് തർക്കമൊന്നുമില്ല. എന്നാൽ എസ്ബിഐ പുറത്തുവിട്ട റിപ്പോർട്ടുകൾ ഈ ധാരണകൾക്ക് തെല്ലു വിരുദ്ധമാണ്.
Also Read: ബെസോസിന്‍റെ അവസാന ദിനം ; ആമസോണിന്‍റെ തലപ്പത്ത് ഇനി ആൻഡി ജാൻസി
എസ്ബിഐയുടെ പഠനം പറയുന്നത് കൊവിഡ് മഹാമാരി കൂടുതലും ബാധിച്ചത് സമ്പന്ന രാജ്യങ്ങളെയാണെന്നാണ്. മരണ നിരക്കിന്‍റെ കാര്യത്തിൽ മുമ്പിൽ സമ്പന്ന രാജ്യങ്ങളാണ്. പ്രതിശീർഷ വരുമാനം ഉയർന്ന യുഎസ്, യുകെ, ഫ്രാൻസ്, ജെർമനി മുതലായ രാജ്യങ്ങളിൽ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളെക്കാൾ മരണ നിരക്ക് കൂടുതലാണ്.
ഇന്ത്യയിലും സമാനരീതി
ഇന്ത്യയിലും ഇതേ വ്യത്യാസം പ്രകടമാണ്. സമ്പന്ന സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ മരണ നിരക്ക് കൂടുതലാണ്. 1,23,000 പേർ മരിച്ച മഹാരാഷ്ട്രയാണ് കൊവിഡ് മരണത്തിൽ മുമ്പിൽ. ദശലക്ഷം രോഗികളിൽ 1000 പേരോളമാണ് മഹാരാഷ്ട്രയിൽ കൊവിഡിന് കീഴടങ്ങിയത്.
കർണാടക(35,367) തമിഴ്‌നാട്(33,005), ഡൽഹി(24,997), പഞ്ചാബ്(16,110), കേരള(13,818) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഹാരാഷ്ട്രയെ കൂടാതെ ഏറ്റവും അധികം കൊവിഡ് മരണങ്ങൾ ഉണ്ടായത്. ഈ സംസ്ഥാനങ്ങളിൽ എല്ലായിടത്തും പ്രതിശീർഷ വരുമാനം രണ്ട് ലക്ഷത്തിന് മുകളിലാണ്. അതായത് ഒരു വർഷം ഒരു വ്യക്തി നേടുന്ന ശരാശരി വരുമാനം.
ദശലക്ഷത്തിൽ ഏറ്റവും കുറവ് കൊവിഡ് മരണം രേഖപ്പെടുത്തിയത് ബിഹാറിലാണ്. വെറും 77 മരണം മാത്രം. ജാർഖണ്ഡ്, ബിഹാർ, ഉത്തർ പ്രദേശ്, അസം, ഒഡിഷ രാജസ്ഥാൻ തുടങ്ങി മറ്റ് വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളിലും മരണ നിരക്ക് കുറവാണ്. രാജസ്ഥാൻ ഒഴികെ ഈ സംസ്ഥാനങ്ങളിലൊക്കെ ശരാശരി വരുമാനം ഒരു ലക്ഷത്തിൽ താഴെയാണ്. ബിഹാറിൽ ഇത് 50000 രൂപയ്‌ക്കും താഴെയാണ്.
കാരണം വ്യക്തമല്ല
ഉയർന്ന വരുമാനമുള്ളതും എന്നാൽ കൊവിഡ് മരണ നിരക്ക് താഴ്ന്നു നിൽക്കുന്നതുമായ മൂന്ന് സംസ്ഥാനങ്ങളാണ് ഉള്ളത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അവ. എന്നാൽ എന്തുകൊണ്ടാണ് വരുമാനം കൂടിയ മറ്റ് സംസ്ഥാനങ്ങളിൽ മരണ നിരക്ക് കൂടിയിരിക്കുന്നത് എന്ന് എസ്ബിഐ വിശദീകരിക്കുന്നില്ല. കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പാളിച്ചകൾ, കുറഞ്ഞ കൊവിഡ് ടെസ്റ്റ് നിരക്ക്, ഉയർന്ന ജനസാന്ദ്രത, ഗ്രാമ-നഗര വ്യത്യാസം തുടങ്ങിയവ ഒരുപക്ഷെ പഠനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.