ചെന്നൈ: ഒരു രൂപയ്‌ക്ക് ചിക്കൻ ബിരിയാണി കിട്ടുമെന്നോ...? എന്താ വിശ്വസമായില്ലേ.... ഒരു രൂപയ്‌ക്ക് നല്ല ഒന്നാന്തരം ആമ്പൂർ ചിക്കൻ ബിരിയാണി വിളമ്പി ശ്രദ്ധ നേടിയിരിക്കുകയാണ് തമിഴ്‌നാട് ഡിണ്ടിഗല്ലിലെ സിരുമലൈയിലുള്ള ഒരു ഹോട്ടൽ.
Read More: തീപ്പെട്ടിക്കൂടിന്‍റെ പകുതി വലിപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന്
എന്നാൽ ഒരു രൂപയുമായി ചെന്ന എല്ലാവർക്കും ബിരിയാണി കിട്ടിയില്ല. പഴയ ഒരു രൂപ നോട്ടുമായി ആദ്യമെത്തിയ 100 പേർക്ക് മാത്രമാണ് ഈ ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി നൽകിയത്. ഹോട്ടൽ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് ഒരു രൂപ ബിരിയാണി ഓഫർ ഉണ്ടായിരുന്നത്. വലിയ പ്രതികരണമാണ് ഹോട്ടലിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
പഴയ നോട്ടുകൾ നിധിപോലെ സൂക്ഷിക്കുന്നവർക്ക് ആദരവായാണ് ഇത്തരം ഒരു ഓഫർ അവതരിപ്പിച്ചതെന്ന് ഹോട്ടലുടമ പറയുന്നു. പല പഴയ നാണയങ്ങൾക്കും ഇന്ന് ലക്ഷങ്ങളാണ് മൂല്യം. ബ്രിട്ടീഷ് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയുടെ ചിത്രം അച്ചടിച്ച നാണയത്തിന് ഇപ്പോൾ ഏകദേശം രണ്ടുലക്ഷം രൂപയാണ് വില.
ഹോട്ടലിന് നല്ലൊരു പരസ്യം എന്നതിലുപരി ഭാവിയിൽ പഴയ നോട്ടുകൾക്ക് വലിയ വില ലഭിക്കും എന്ന പ്രതീക്ഷ കൂടിയാകാം ഒരു രൂപയ്‌ക്ക് ബിരിയാണി എന്ന ആശയത്തിന്‍റെ പിന്നിൽ. 1957ൽ ഇറങ്ങിയ ഒരു രൂപ നോട്ട് 45,000 രൂപയ്‌ക്കാണ് ഒരു ഓണ്‍ലൈൻ സൈറ്റിൽ അടുത്തിടെ വിറ്റുപോയത്.