ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാരുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഓഗസ്ത് അഞ്ചിന് കൂടിക്കാഴ്ച നടത്തും. സമ്പദ്‌വ്യവസ്ഥയിലെ വായ്പാ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും പാപ്പരത്ത നിയമത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടായേക്കും.
യോഗം ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്ക് സിഇഒമാര്‍ക്ക് പുറമെ റവന്യൂ വകുപ്പ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ വരുമാനത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ 3.59 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചുപിടിച്ചത്.
ബാങ്കുകളുടെ പ്രൊവിഷൻ കവറേജ് അനുപാതത്തിലും വര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2015 മാർച്ചിൽ 46 ശതമാനമായിരുന്ന അനുപാതം 2019 മാർച്ചിൽ 74.2 ശതമാനമായി ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 മാർച്ച് വരെ 1.76 ലക്ഷം കോടി രൂപയാണ് നോന്‍ പെര്‍ഫോമിംഗ് അസറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.