ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്‍റെയും ഭാര്യയുടെ വിദേശ യാത്ര മുംബൈ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ജെറ്റ് എയര്‍വേയ്സിന്‍റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് ഇയാള്‍ വിദേശത്ത് കടക്കാനായി ശ്രമിച്ചത്. നേരത്തെ ഇയാള്‍ക്കെതിരെ അധികൃതര്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു.
കമ്പനിയുടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നേരത്തെ രാജിവെച്ചിരുന്നു. നിലവില്‍ 1.2 ബില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് കമ്പനിക്കുള്ളത് ഇതേ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വേയ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തി വിജയ് മല്യ, നീരവ് മോദി എന്നീ വ്യവസായികള്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടര്‍ന്നാണ് നരേഷ് ഗോയലിന്‍റെ യാത്ര അധികൃതര്‍ തടഞ്ഞത്.