വാർദ്ധക്യകാലത്ത് വെല്ലുവിളികൾ നേരിടുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി റിട്ടയർമെന്‍റ് പ്ലാനിങ് യൗവനത്തിൽ തന്നെ തുടങ്ങേണ്ടത് ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തി സൺസെറ്റ് ഇയേർസ് സെമിനാർ. ജിയോജിത് ഫിനാൻഷ്യൽ സർവീസസും എച്ച്ഡിഎഫ്സി എ എം എസിയും ചേർന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
റിട്ടയർമെന്‍റ് കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഏതെല്ലാം രീതിയിൽ കൈവരിക്കുമെന്നും അതിന് എന്തെല്ലാം രീതിയിലുള്ള മാർഗ്ഗങ്ങളും നിക്ഷേപ പദ്ധതികളുമാണ് അവലംബിക്കേണ്ടത് എന്നതിനെക്കുറിച്ചും സെമിനാറിൽ ചർച്ചകൾ നടന്നു. എറണാകുളത്ത് നടന്ന സെമിനാർ സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിലെത്തിയവർ സാമൂഹികമായും സാമ്പത്തികമായും നേരിടുന്ന വെല്ലുവിളികൾ കേരളത്തെ സംബന്ധിച്ചിടത്തോളം അടിയന്തര പരിഗണന ലഭിക്കേണ്ട വിഷയമാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ടി കെ ജോസ് പറഞ്ഞു.
സർക്കാരിനെ കൊണ്ട് മാത്രം ഇവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല. സർക്കാർ ഇതര സംഘടനകളും അക്കാദമിക് സ്ഥാപനങ്ങളുമെല്ലാം ഇതിനുവേണ്ടി പ്രവർത്തിക്കണം. വൃദ്ധരുടെ പരിചരണം കേവലം ചാരിറ്റി പ്രവർത്തനങ്ങൾ മാത്രമാക്കി മാറ്റാതെ കേരളത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉള്ള ഒരു മോഡൽ ആക്കി മാറ്റാൻ കഴിയുമെന്നും ടി കെ ജോസ് പറഞ്ഞു. യൗവനത്തിൽ ഉള്ളവർ വാർദ്ധക്യത്തെ കുറിച്ച് വളരെ ഗൗരവമായിത്തന്നെ ചിന്തിക്കണം. സർക്കാരിന്‍റെ ഭാഗത്തുനിന്നും വയോധികരുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യ നിരക്കിലെ മാറ്റങ്ങളും പ്രായമുള്ളവർ നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് കേരള യൂണിവേഴ്സിറ്റി പ്രൊഫസറും ഏജിംഗ് ഓഫ് ഇൻറർനാഷണൽ സോഷ്യോളജി അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ ജേക്കബ് ജോൺ കട്ടക്കയം പ്രബന്ധമവതരിപ്പിച്ചു.