ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാക്കി ഉയര്‍ത്തണമെന്ന് വിവിധ ട്രേഡ് യൂണിയനുകള്‍. ഇതിന് പുറമെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ആറായിരമാക്കണമെന്നും വര്‍ഷത്തില്‍ കുറഞ്ഞത് 200 തൊഴില്‍ ദിവസങ്ങള്‍ ഉറപ്പ് വരുത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.
രണ്ടാം മോദി സര്‍ക്കാരിന്‍റ ആദ്യ ബജറ്റിന് മുന്നോടിയായി ശനിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വരുമാന നികുതി അടക്കുന്നതിനുള്ള പരിധി 10 ലക്ഷമാക്കി ഉയര്‍ത്തണമെന്നും മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പരിധി എട്ട് ലക്ഷമാക്കണമെന്നും യൂണിയന്‍ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ചില ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കി. നിര്‍മ്മല സീതാരാമന് പകരം ധനകാര്യ-കോർപറേറ്റ് അഫയേഴ്സ് സഹമന്ത്രി അനുരാഗ് താക്കൂറാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.