തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റതിനുശേഷം 52,137 എംഎസ്എംഇ യൂണിറ്റുകൾ തുറന്നിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 4,500 കോടിയിലധികം രൂപ നിക്ഷേപിച്ചത് വഴി 1.80 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനായതായും വ്യവസായ മന്ത്രി പറഞ്ഞു.
നിക്ഷേപകരായ പ്രവാസി കേരളീയർ കേരളത്തിലെ എംഎസ്എംഇ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ജയരാജൻ പറഞ്ഞു.
എംഎസ്‌എംഇ മേഖലയിലെ പുതിയ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ കൊണ്ടുവന്ന പുതിയ നിയമം 10 കോടി രൂപ മുതൽമുടക്ക് വരുന്ന വ്യവസായങ്ങൾ ആരംഭിക്കുന്ന നിക്ഷേപകന് ജില്ലാ കലക്‌ടറുടെ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് ബിസിനസ്സ് സംരംഭം ആരംഭിക്കാൻ കഴിയും. ലൈസൻസുകളും ക്ലിയറൻസുകളും ലഭിക്കുന്നതിന് കാത്തിരിക്കേണ്ടതില്ലെന്നും ജയരാജൻ പറഞ്ഞു.
എന്നാൽ സംസ്ഥാന മലിനീകരണ ബോർഡിന്‍റെ ചുവന്ന വിഭാഗത്തിൽ പെടുന്ന യൂണിറ്റുകൾക്കൊന്നും അനുമതി നൽകില്ലെന്നും ജയരാജൻകൂട്ടിച്ചേർത്തു.
ഇലക്ട്രോണിക്‌സ്, ഫുഡ് പ്രോസസ്സിംഗ്, റബ്ബർ, തേങ്ങ, മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടുന്നതാണ് കേരളത്തിലെ എംഎസ്‌എംഇ മേഖല.