ന്യൂഡൽഹി: 2,020 രൂപ റീചാർജ് തുകക്ക് ഒരു വർഷത്തേക്ക് പരിധിയില്ലാത്ത സേവനങ്ങൾ നൽകുമെന്ന് റിലയൻസ് ജിയോ .ഈ സേവനങ്ങളിൽ പ്രതിദിനം 1.5 ജിബി ഡാറ്റക്ക് പുറമേ പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസും ഉൾപ്പെടുന്നു.
സ്‌കീമിന് കീഴിൽ മറ്റൊരു ഓഫറിൽ ഇതേ തുകക്ക് (2,020 രൂപ), ഒരു ജിയോഫോണും ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളും ലഭിക്കും. ഈ ഓഫറിലും പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസും ഉൾപ്പെടുന്നു, കൂടാതെ പ്രതിദിനം 0.5 ജിബി ഡാറ്റയും ലഭിക്കും. ഈ ഓഫർ ചൊവ്വാഴ്‌ച ആരംഭിക്കും.
ഈ മാസം ആദ്യം ജിയോ പ്രഖ്യാപിച്ച 'ഓൾ-ഇൻ-വൺ' താരിഫ് പ്ലാനുകൾ പ്രകാരം, 555 രൂപയും (3 മാസം) 2,199 രൂപയും (12 മാസം) വിലയുള്ള പ്ലാനുകൾക്കും 1.5 ജിബി ഡാറ്റയും എഫ്‌യുപി (ഫെയർ യൂസേജ് പോളിസി) പരിധി യഥാക്രമം 3,000, 12,000 മിനിറ്റും പ്രതിദിനം ലഭിക്കുന്നു.
ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളായ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ജിയോ എന്നിവ നേരത്തെ 40-50 ശതമാനം ഉയർന്ന നിരക്കിലുള്ള പ്രീ-പെയ്‌ഡ് താരിഫ് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
350 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള റിലയൻസ് ജിയോ സെപ്റ്റംബറിൽ അവസാനിക്കുന്ന രണ്ടാം പാദത്തിൽ 990 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വാർഷികാടിസ്ഥാനത്തിൽ 45.4 ശതമാനം വളർച്ച കൈവരിച്ചു. ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) കുറയുമ്പോഴും ഡാറ്റയും വോയ്‌സ് വോളിയവും ഗണ്യമായി വർദ്ധിച്ചു.