വാഷിങ്ടണ്‍: ഇന്ത്യ ലോകത്തെ രണ്ടാമത്തെ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് ഐക്യരാഷ്‌ട്രസഭയുടെ വാണിജ്യ വാപാര ഏജന്‍സി. 6.1 ശതമാനം വളര്‍ച്ചയുള്ള ചൈനയാണ് ലോകത്തെ എറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ. തൊട്ടു പിന്നിലുള്ള ഇന്ത്യക്ക് ചൈനയേക്കാള്‍ 0.1 ശതമാനത്തിന്‍റെ കുറവ് മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 7.4 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ വാണിജ്യ വികസന കോണ്‍ഫറന്‍സില്‍ (യു.എന്‍.സി.ടി.എ.ഡി) അവതരിപ്പിച്ച സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യക്കും ചൈനക്കും പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാകുന്നില്ലെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കു വയ്ക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തിക രംഗം താഴേക്ക് പോകുകയാണെന്നാണ് യു.എന്‍.സി.ടി.എ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ വളര്‍ച്ച താഴുകയാണെന്നും 2019ലെ ആദ്യമാസങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ 5.8 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുകയും താഴെ തട്ടിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച മുരടിക്കുകയുമാണ്. മാത്രമല്ല ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൗരോര്‍ജ വികസന പ്രവര്‍ത്തനങ്ങളുടെ പരാജയവും പ്രാദേശിക സോളാര്‍ ഉല്‍പ്പന്ന നിര്‍മാണത്തിലെ ശ്രദ്ധയില്ലായ്മയും തിരിച്ചടിയാണ്. ഡബ്ല്യൂടിഓ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചയുണ്ടായതായി വിമര്‍ശനമുണ്ട്. പാരമ്പര്യേതര ഊര്‍ജ മേഖലയിലെ ആഗോള ഉടമ്പടികളുടെ ഭാഗമാകാന്‍ ഇന്ത്യക്ക് കഴിയാതെ പോകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ലോകത്ത് ഏറ്റവും വളര്‍ച്ച കാണിക്കുന്ന സാമ്പത്തിക മേഖല ഏഷ്യയാണെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഈ വര്‍ഷവും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ മൂന്ന് ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം 2.3 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഐെഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) പുറത്തിറക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ട് അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റിപ്പോര്‍ട്ടിലും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവ് പരാമര്‍ശിക്കപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലാകും.