ഡൽഹി: ജിഎസ്‌ടി നഷ്ടപരിഹാരം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാനങ്ങൾ. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിൽ രണ്ട് മാസത്തെ കാലതാമസം നേരിടുന്നുണ്ടെന്ന് ഡൽഹി, പശ്ചിമ ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
ഓഗസ്റ്റിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സെപ്‌തംബറില്‍ ജിഎസ്‌ടി വരുമാനം വളർച്ചാ നിരക്കിന്‍റെ 14 ശതമാനത്തിൽ താഴെയായാൽ അവർക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകുമെന്ന് പ്രസ്താവിച്ചിരുന്നു. പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം 1,500 കോടി രൂപയാണ് കുടിശികയെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര പറഞ്ഞു പറഞ്ഞു. 1,600 കോടി രൂപ കുടിശിക കേരളത്തിന് ലഭിക്കാനുണ്ടെന്ന് കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളം ഓവർ ഡ്രാഫ്റ്റ് ഭീഷണി നേരിടുന്നുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. കുടിശ്ശിക ഉടൻ നൽകിയില്ലെങ്കിൽ പഞ്ചാബും ഓവർ ഡ്രാഫ്റ്റ് ഭീഷണി നേരിടുമെന്ന് സംസ്ഥാന ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു. 2,100 കോടി രൂപയാണ് പഞ്ചാബിന്‍റെ കുടിശ്ശിക തുക. ഡൽഹിക്ക് ജിഎസ്ടി കുടിശ്ശിക തുക 2,355 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്‍റെ 60 ശതമാനത്തോളം ജിഎസ്‌ടി ഉൾക്കൊള്ളുന്നു. മൊത്തം ജിഎസ്ടിയുടെ 50 ശതമാനം വരെ പല സംസ്ഥാനങ്ങളും ഇതിനകം കമ്മി നേരിടുന്നുണ്ട്. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കുന്ന തരത്തില്‍ നിരവധി മേഖലകളിലെ ബജറ്റിനെയും ആസൂത്രണ പ്രക്രിയകളെയും തടസ്സപ്പെടുത്താൻ ഇത് വഴിവെക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
നഷ്‌ടപരിഹാരത്തിന് ആവശ്യമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ശേഷമാണ് ജിഎസ്‌ടിയിൽ ചേരാൻ സംസ്ഥാനങ്ങൾ സമ്മതിച്ചത്. നിലവിലെ കാലതാമസം ജിഎസ്‌ടിയെ ഇതുവരെ പിന്തുണച്ച സംസ്ഥാനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും സമയാസമയങ്ങളിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ജിഎസ്‌ടി കൗൺസിലിന്‍റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു. ജിഎസ്‌ടി കൗൺസിലിന്‍റെ അടുത്ത യോഗത്തിന്‍റെ അജണ്ടയിലും ഇക്കാര്യം ഉൾപ്പെടുത്തണമെന്നും അവർ നിർദേശിച്ചു. ഭാവിയിൽ ഉചിതമായ നടപടിയെടുത്ത് നഷ്‌ടപരിഹാരം നൽകുന്നതിന് ആരോഗ്യകരമായ സംവിധാനം ആവിഷ്‌കരിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.