കൊവിഷീൽഡിന് യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ അംഗീകാരം (ഇഎംഎ) ലഭിക്കാനായുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ. അത്തരം അഭ്യർഥനകൾ ലഭിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിക്കുമെന്നും യൂറോപ്യൻ യൂണിയന് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
Also Read: കോവിഷീൽഡ് സ്വീകരിച്ചവർ നേരിടുന്ന യാത്രാ പ്രശ്‌നം; ഉടൻ പരിഹരിക്കുമെന്ന് പൂനെവാലെ
കൊവിഡ് സാഹചര്യത്തിൽ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനാണ് യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കൊവിഡ് സർട്ടിഫിക്കറ്റ്. ഒരു വ്യക്തി വാക്‌സിനേഷൻ സ്വീകരിച്ചോ, കൊവിഡ് ഫലം നെഗറ്റീവ് ആണോ തുടങ്ങിയ കാര്യങ്ങളാണ് അതിൽ ഉണ്ടാവുക.
ഡിജിറ്റൽ കൊവിഡ് സർട്ടിഫിക്കറ്റിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഷീൽഡ് പോലുള്ള വാക്സിനുകൾ സ്വീകരിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ ഏതെങ്കിലും കമ്പനികൾ ആവശ്യപ്പെടാത്ത പക്ഷം യൂറോപ്യൻ മെഡിസിൻ ഏജൻസി പുതിയ മരുന്നുകളെ കുറിച്ച് അന്വേഷിക്കാറില്ല. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിലുള്ളവർക്ക് യൂറോപ്യൻ യൂണിയനിലേക്ക് യാത്രാവിലക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്യൻ യൂണിയനിലേക്ക് കൊവീഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലെ തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് യൂറോപ്യൻ യൂണിയനിലെ ഉദ്യോഗസ്ഥന്‍റെ പ്രസ്താവന. നിലവിൽ വാക്സെവ്രിയ, ബയോ ടെക്-ഫൈസർ, മോഡേണ, ജാൻസെൻ (ജോൺസൺ ആൻഡ് ജോൺസൺ) എന്നീ വാക്‌സിനുകളാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ളത്.