പൂനെ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിന് 7200 കോടി രൂപയും 14.30 ശതമാനം പലിശയും നല്‍കണമെന്ന് പൂണെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈയില്‍ നല്‍കിയ രണ്ട് കേസുകളുടെ അടിസ്ഥാനത്തിലാണ് ഡിആര്‍ടി പ്രസൈഡിങ് ഓഫിസർ ദീപക് തക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 1700 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസും നീരവ് മോദിക്കെതിരെ ഡിആർടിയുടെ പരിഗണനയില്‍ ഉണ്ട്.
നേരത്തെ എന്‍ഫോഴ്‌സ്മെന്‍റിന്‍റെ നടപടിയെ തുടര്‍ന്ന് നീരവ് മോദിയുടെയും സഹോദരിയുടെയും അടക്കം നാലോളം സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. 41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ വീണ്ടും നടപടികള്‍ ഉണ്ടാകുന്നത്. വായ്പാ തട്ടിപ്പ് കേസില്‍ മാര്‍ച്ച് പത്തൊമ്പതിനാണ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്. നിലവിൽ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാണ്ട്സ്വര്‍ത് ജയിലിലാണ്.