ഇടുക്കി: കൊവിഡാനന്തര ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ സൈക്കിൾ റൈഡുമായി രണ്ട് പെൺകുട്ടികൾ. വിദ്യാർഥികളായ മീരയും പാർവതിയും ഒന്നിച്ചാണ് കേരളമാകെ സൈക്കിളിൽ സഞ്ചരിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.
തിരുവനന്തപുരം പൂവാറിൽ നിന്നുളള വിദ്യാർഥികളാണ് മീരയും പാർവതിയും. ഇരുവരും ഒന്നിച്ചാണ് കേരളമാകെ സൈക്കിളിൽ സഞ്ചരിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖല സജീവമാവുകയാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം.
വണ്ടേഴ്സ് ഓഫ് കേരള ബൈ ചാർളീസ് എഞ്ചൽസ് (WONDERS OF KERALA by CHARLY’S ANGELS) എന്നു പേരിട്ടിരിക്കുന്ന യാത്ര കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സൈക്കിളിൽ ചുറ്റിനടന്ന് കാണുകയാണ് ലക്ഷ്യം. സ്‌ത്രീ സഞ്ചാരികൾക്ക് സുരക്ഷിതമായ താവളമാണ് കേരളമെന്ന് പാർവതിയും മീരയും പറയുന്നു.
തിരുവനന്തപുരം പൂവാറിലെ ഐലൻഡ് റിസോർട്ടിൽ നിന്ന് ആരംഭിച്ച യാത്ര വയനാട് ബാണാസുര കോണ്ടൂർ ഐലൻഡ് റിസോർട്ടിൽ സമാപിക്കും. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും ഇരുവരും സൈക്കളിൽ സഞ്ചരിക്കും. തേക്കടിയിൽ എത്തിയ ഇവർക്ക് തേക്കടി ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങൾ വേണ്ട സഹായങ്ങൾ നൽകി. ഡിസംബർ 17 വയനാട് ജില്ലയിൽ യാത്ര അവസാനിക്കും.