കൊച്ചി: ഹൂഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് അറിയിച്ചു. ഹൂഗ്ലി ഡോക്ക് ആൻഡ് പോർട്ട് എൻജിനീയേഴ്‌സ് ലിമിറ്റഡിന്‍റെ പരിധിയിലുള്ള 5.06 കോടിയിൽ നിന്നാണ് ഹൂഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്‍റെ 57.2 ലക്ഷം ഓഹരികൾ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് വാങ്ങിയത്. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കിയതോടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള 22 കോടി പെയ്‌ഡ് അപ് ഓഹരി മൂലധനമുള്ള അനുബന്ധ സ്ഥാപനമായി ഹൂഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് മാറി. ഈ നേട്ടം കൈവരിക്കുന്നതിന് മുമ്പ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് 74 ശതമാനം ഓഹരി ഉണ്ടായിരുന്നതായി കമ്പനി അറിയിച്ചു.
കൊൽക്കത്തയിലെ നാസിർഗഞ്ചിലും സാൽക്കിയയിലും കപ്പൽ നിർമാണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടിയാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഹൂഗ്ലി ഡോക്ക് ആൻഡ് പോർട്ട് എൻജിനീയേഴ്‌സ് ലിമിറ്റഡും ചേർന്ന് 2017 ഒക്‌ടോബർ 23 ന് ഹൂഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് രൂപീകരിച്ചത്. രാജ്യത്ത അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കപ്പൽ നിർമാണം, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഹൂഗ്ലി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കപ്പലുകളുടെ നിർമാണത്തിലും നവീകരണത്തിലും പങ്ക് വഹിച്ചിട്ടുള്ള കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ നിർമിച്ചുകൊണ്ടിരിക്കുകയാണ്. 2024 ആകുന്നതോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് അഞ്ച് ട്രില്യൺ ഡോളർ വരെ സംഭാവന നൽകാൻ കപ്പൽ നിർമാണ മേഖലക്ക് കഴിയുമെന്ന് വ്യവസായ വിദഗ്‌ധർ പറയുന്നു.