ന്യൂഡൽഹി:ഉപഭോക്താക്കൾ ഏറെക്കാത്തിരുന്ന ചാറ്റ് ഓപ്ഷൻ അവതരിപ്പിച്ച് ക്ലബ്ഹൗസ്. ബാക്ക്‌ചാനൽ എന്ന പേരിൽ അവതരിപ്പിച്ച പുതിയ ഫീച്ചറിലൂടെ ക്ലബ്ഹൗസ് റൂമിലുള്ളവർക്ക് പരസ്പരം ചാറ്റ് ചെയ്യാനാകും. നിലവിൽ ടെക്സ്റ്റ് മേസേജുകൾ മാത്രമാണ് അയക്കാനാവുക.
Also Read: 24 വയസിന് താഴെയുള്ള 70% ഉദ്യോഗാർഥികളുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടെന്ന് ലിങ്ക്ഡ്ഇൻ
എന്നാൽ താമസിയാതെ ഗ്രൂപ്പ് ചാറ്റിനുള്ള ഓപ്ഷനും ക്ലബ്ഹൗസിലെത്തും. ജിഫ്, ചിത്രങ്ങൾ തുടങ്ങിയവയും ക്ലബ്ഹൗസിന്‍റെ ബാക്ക്‌ചാനലിലൂടെ അയക്കാനാവില്ല. എന്നാൽ നമ്മൾ ഫോളോ ചെയ്യാത്ത ആളുകളിൽ നിന്നുള്ള മെസേജുകൾ വേർതിരിച്ച് ബാക്ക് ചാനലിൽ കാണാനാവും. ഇത്തരം സന്ദേശങ്ങൾ റിക്വസ്റ്റ് എന്ന ടാബിന് കീഴിൽ ആയിരിക്കും വരുക.
നിലവിൽ ക്ലബ്ബ് ഹൗസ് ഉപയോക്താക്കൾ ചർച്ചകൾക്കിടെ പരസ്പരം ചാറ്റ് ചെയ്യാൻ വാട്‌സ്ആപ്പ് പോലുള്ള മറ്റ് ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. പുതിയ ചാറ്റ് ഓപ്ഷൻ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷന് വെളിയിൽ പോകാതെ തന്നെ ചർച്ചകളിൾക്കൊപ്പം തന്നെ ചാറ്റ് ചെയ്യാനുമുള്ള അവസരം ഒരുക്കുകയാണ് ക്ലബ്ഹൗസ്.
സഹ-ഹോസ്റ്റുമായി ചർച്ചക്കിടയിൽ തന്നെ സംസാരിക്കാനും പരസ്പരം ചാറ്റ് ചെയ്‌ത് ചോദ്യങ്ങൾ തയ്യാറാക്കാനും എല്ലാം ക്ലബ്ഹൗസിന്‍റെ ബാക്ക്‌ചാനൽ ഉപഭോക്താക്കൾക്ക് സഹായകരമാവും. ആൻഡ്രോയിഡിലും ഐഒഎസിലും പുതിയ സേവനം ലഭ്യമാകും.