കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയായ സ്വായത്ത്(SWAYATT) നാടിന് സമര്‍പ്പിച്ചു. കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്‍റെ തന്നെ ഡിജിറ്റല്‍ വാണിജ്യ പ്ലാറ്റ് ഫോമായ ജെം(GeM)ലാണ് ഇത് അവതരിപ്പിച്ചത്. പ്രധാനമായും സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കനും യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യം വച്ചുമായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജെമിലെ പ്രമുഖ വനിതാ സംരംഭകരെയും വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മന്ത്രി ആദരിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് ഉണ്ടാക്കുന്ന ഇത്തരം സംരംഭങ്ങളും സംരംഭകരെയും ഉയർത്തിപ്പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.
ജെം സിഇഒ രാധാ ചൗഹാനാണ് സ്വായത്ത് എന്ന ആശയത്തിന് പിന്നില്‍. നയ നിര്‍മ്മാതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക, സാമ്പത്തികമായും സാമൂഹികമായും ഉയര്‍ച്ച കൈവരിക്കാന്‍ സംരംഭകരെ സഹായിക്കുക എന്നിവയായിരിക്കും സ്വായത്തിന്‍റെ പ്രധാന കര്‍ത്തവ്യങ്ങള്‍. അംഗീകൃത സ്റ്റാർട്ടപ്പുകൾ ഡിപിഐറ്റി നമ്പര്‍ രജിസ്റ്റർ ചെയ്യുക. ടെസ്റ്റ് സർട്ടിഫിക്കറ്റുകളുടെ ഗുണനിലവാരം, അവയുടെ പ്രവർത്തനപരമായ യൂട്ടിലിറ്റി, കൂടാതെ ഉൽപന്നങ്ങളുടെ ഉൽപാദനശേഷി എന്നിവയെക്കുറിച്ചും വ്യക്തമാക്കുക. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമായ റേറ്റിംങ് നൽകാനും ഇതില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ 1516 സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 12915 ഉല്‍പന്നങ്ങള്‍ക്കായി അയ്യായിരത്തിലധികം ആവശ്യക്കാരും വന്നിട്ടുണ്ടെന്നും ജെം പറയുന്നു.