ബെംഗളൂരു: ടെക് ബിസിനസ് പ്രമുഖർ കൂടുതൽ ഭയപ്പെടുന്ന കമ്പനികളുടെ പട്ടികയിൽ ആമസോൺ, ആപ്പിൾ, അലിബാബ എന്നിവ ആദ്യമെത്തിയെന്ന് കെപിഎംജി റിപ്പോർട്ട്. ആഗോളതലത്തിൽ 740-ലധികം സാങ്കേതിക വ്യവസായ ബിസിനസ് നേതാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് തങ്ങളുടെ ബിസിനസിനെ വിനാശകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്ന കമ്പനികളെ തെരഞ്ഞെെടുത്തത്. ഡിജെഐ, ഗൂഗിൾ, നെറ്റ്ഫ്ലിക്സ്, എയർബൺബി, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ബൈഡു എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് കമ്പനികൾ.
വരുന്ന മൂന്ന് വർഷങ്ങളിലും തങ്ങളുടെ ബിസിസസിനെ വിനാശകരമായി ബാധിക്കുമെന്ന് ടെക് വ്യവസായ പ്രമുഖർ ഭയപ്പെടുന്നതിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ആദ്യമെത്തിയപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ രണ്ടാമതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക് ബിസിനസ് നേതാക്കളിൽ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റെയും സിഇഒ എലോൺ മസ്‌ക് രണ്ടാം സ്ഥാനത്താണ്.