മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ അതി ദാരുണമായി തീ കൊളുത്തി കൊന്നു. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌പാകരനാണ് മരിച്ചത്. മാവേലിക്കര വള്ളിക്കുന്നത്തിനടുത്ത് കാഞ്ഞിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. ട്രെയിനിങ്ങിന്‍റെ ഭാഗമായി എറണാകുളത്ത് വെച്ച് പരിചയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അജാസാണ് പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്ന് പ്രാഥമിക നിഗമനം. കൊലപാതകത്തിന്‍റെ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പരീക്ഷ കഴിഞ്ഞു കരുനാഗപ്പള്ളി ക്ലാപ്പനയിലെ വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം വള്ളിക്കുന്നത്തെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തനിക്കെതിരെയുള്ള അപകടം മനസ്സിലാക്കിയ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ സൗമ്യയെ പ്രതി പിന്തുടരുകയും കൈയിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടുകയും പിന്നീട് കത്തികൊണ്ട് കുത്തുകയും ചെയ്തു. അതിന് ശേഷമായിരുന്നു പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രാണരക്ഷാർഥം സൗമ്യ അജാസിനെ കയറി പിടിച്ചതിനെ തുടർന്ന് അജാസിന്‍റെ ദേഹത്തേക്കും തീ പടർന്ന് പിടിച്ചു. നിരവധി നാട്ടുകാർ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടിയത്.
മൂന്ന് വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച സൗമ്യ മൂന്ന് മക്കളുടെ അമ്മയാണ്. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് സൗമ്യക്കുള്ളത്. ഏറെ നാളായി വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അവധിക്ക് നാട്ടിൽ എത്തി മൂന്ന് ആഴ്‌ച മുൻപാണ് വിദേശത്തേക്ക് തിരികെ പോയത്.
കുറ്റകൃത്യത്തിനിടയിൽ ഗുരുതരമായ പരിക്കേറ്റ പ്രതിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതി അബോധാവസ്ഥയില്‍ ആയതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിയുന്ന സാഹചര്യത്തിൽ അല്ലെന്നാണ് ലഭ്യമായ വിവരം. പൊലീസിന്‍റെ വിദഗ്‌ധ സംഘമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം മാവേലിക്കരയില്‍ സൂക്ഷിച്ചിരിക്കുകയാണ്.