വയനാട്: വയനാട്ടില്‍ പച്ചക്കറിയുടെ വില കുതിക്കുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വയനാട്ടിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് റോക്കറ്റ് പോലെയാണ് തക്കാളി, പച്ചമുളക്, ക്യാരറ്റ് എന്നിവയുടെ വില ഉയർന്നത്. കിലോക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് 60ഉം 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് 80ഉം 40രൂപയുണ്ടായിരുന്ന ക്യാരറ്റിന് 70 രൂപയുമാണ് ഇപ്പോഴത്തെ ചില്ലറ വിൽപ്പന വില. കർണാടകത്തിൽ നിന്ന് കൊണ്ടുവരുന്നതിനാണ് വില കൂടുതല്‍. വരൾച്ച കാരണം കർണാടകത്തിൽ ഉൽപാദനം കുറഞ്ഞതാണ് പച്ചക്കറി വില പെട്ടെന്ന് കൂടാൻ കാരണം. വില കൂടിയതോടെ ഒരുപോലെ ബുദ്ധിമുട്ടിലാണ് ഉപഭോക്താക്കളും വ്യാപാരികളും.
ഒരു മാസം മുമ്പ് വരെ 15 രൂപ വിലയുണ്ടായിരുന്ന ചേനക്ക് ഇപ്പോൾ 40 രൂപയാണ് വില. വയനാട്ടിൽ തന്നെ ഉൽപാദിപ്പിച്ചിരുന്ന ചേനയ്ക്കായിരുന്നു വില കുറവ്. ഇപ്പോൾ പച്ചപ്പയർ മാത്രമെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നുള്ളൂ. കിലോയ്ക്ക് 40 രൂപയാണ് ഇതിന്‍റെ ചില്ലറ വിൽപ്പന വില.