ന്യൂഡൽഹി: ഉന്നാവോ പീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സിബിഐ ശുപാർശ ചെയ്തു. 2017-18 കാലയളവിൽ ഉന്നാവോയിൽ നിയമിതരായ ഐഎഎസ് ഉദ്യോഗസ്ഥ അദിതി സിംഗ്, അന്നത്തെ പൊലീസ് സൂപ്രണ്ട്, ഐപിഎസ് ഓഫീസർമാരായ പുഷ്പഞ്ജലി ദേവി, നേഹ പാണ്ഡെ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് നിർദേശം.
ഉന്നാവോയിലെ എംഎൽഎ സെംഗാറിന്‍റ വസതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് നടപടി. സിബിഐ അച്ചടക്കനടപടി സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അദിതി സിംഗ് ഇപ്പോൾ ഹാപൂർ ജില്ലാ മജിസ്ട്രേറ്റ് ആണ്. 2017 ജനുവരി 24 നും 2017 ഒക്ടോബർ 25 നും ഇടയിൽ ഉന്നാവോ മജിസ്ട്രേറ്റായി ഇവരെ നിയമിച്ചു. എംഎൽഎയുടെ ആക്രമണത്തെ കുറിച്ച് പെൺകുട്ടി നിരവധി പരാതി നൽകിയിട്ടും ഇവർ കാര്യമായ നടപടിയൊന്നും എടുത്തിരുന്നില്ല. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ നേഹ പാണ്ഡെയെ ഇപ്പോൾ ഇന്‍റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്‍റ് ഡയറക്ടറാണ്. 2016 ഫെബ്രുവരി മുതൽ 2017 ഒക്ടോബർ വരെ ഉന്നാവോയിലെ പൊലീസ് സൂപ്രണ്ടായിരുന്നു. 2017 ജൂണിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അപേക്ഷ അവഗണിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.