കാബൂൾ : അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ മതപണ്ഡിത സമിതി മേധാവിയും പർവാനിലെ ഹബീബ്-ഉർ-റഹ്മാൻ ഷഹീദ് സ്‌കൂൾ പ്രിൻസിപ്പലുമായ മൗലവി സൈഫുല്ല സഫി കൊല്ലപ്പെട്ടു. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണ വിവരങ്ങള്‍ ജില്ല ഗവർണർ അഹമദ് ലെമാർ ഉസ്‌മാൻ യാർ ആണ് പുറത്തുവിട്ടത്. പർവാൻ പ്രവിശ്യയിലെ സയ്യിദ് ഖേൽ ജില്ലയിലെ ഉലമ കൗൺസിൽ ചെയർമാനായിരുന്നു കൊല്ലപ്പെട്ട സഫി. കൊലപാതകത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടതായും ആക്രമണത്തിൽ സഫിയുടെ മകന് പരിക്കേറ്റതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
Also Read: താലിബാന് അൽ ഖ്വയ്ദയുമായി ശക്തമായ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്
കഴിഞ്ഞ കുറേ ആഴ്‌ചകളിലായി അഫ്‌ഗാനിസ്ഥാനിൽ അക്രമസംഭവങ്ങളിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. നിലവിൽ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം താലിബാന്‍ ഉള്‍പ്പെടെ ആരും ഏറ്റെടുത്തിട്ടില്ല. അതേയമയം അഫ്‌ഗാൻ സുരക്ഷാസേനയും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ അഞ്ച് പ്രവിശ്യകളിലായി ഇതിനോടകം 8,000ൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി കുടുംബങ്ങൾക്ക് പാർപ്പിടം, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം മുതലായ സൗകര്യങ്ങൾ ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.