ഗൊരഖ്‌പൂർ: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ നദിയിൽ ചാടി സുഹൃത്തുക്കളില്‍ ഒരാളെ കാണാതായി. 19 കാരായ ദാനിഷ്, ആഷിഖ് എന്നിവരാണ് വീഡിയോ ചിത്രീകരിക്കാൻ നദിയിലേക്ക് ചാടിയത്. ഗൊരഖ്‌പൂരിലാണ് സംഭവം.
ഇവർ നദിയില്‍ ചാടിയതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ദാനിഷിനെ രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നടക്കാന്‍ ഇറങ്ങിയ സുഹൃത്തുക്കൾ പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് കാണുകയും ഇത് അനുകരിക്കകയുമായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ദാനിഷ് നദിയിലേക്ക് ചാടുന്നത് പകർത്തുകയായിരുന്ന ആഷിഖും പിന്നാലെ നദിയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഹൈദരാബാദിലെ ഔറംഗാബാദ് സ്വദേശിയായ ദാനിഷ് ബന്ധുവിന്‍റെ വീട്ടിൽ എത്തിയതാണ്. ഓട്ടോ ഡ്രൈവറായ ആഷിഖുമായി ഇവിടെ വെച്ചാണ് ഇയാൾ സൗഹൃദത്തിലാകുന്നത്.