കൊല്‍ക്കത്ത: രാജ്യത്തെ കൊവിഡ് 19 പോരാട്ടങ്ങളുടെ ഭാഗമാകാന്‍ കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയവും. കൊല്‍ക്കത്തയിലെ ലാല്‍ബസാറിലുള്ള പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാറന്‍റയിന്‍ സൗകര്യമാണ് നിലവില്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുക. സ്റ്റേഡിയത്തിന്‍റെ ഗാലറിക്കടിയിലെ ഇ, എഫ്, ജി, എച്ച് ബ്ലോക്കുകളാണ് ഇതിനായി പ്രയോജനപ്പെടുത്തുക. കൂടുതല്‍ സൗകര്യം ആവശ്യമായി വരുകയാണെങ്കില്‍ ജി ബ്ലോക്കില്‍ കൂടി ക്വാറന്‍റയിന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയ ഹോണററി സെക്രട്ടറി സ്നേഹാശിഷ് ഗാംഗുലി തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. കൊവിഡ് 19 പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം അണിചേരുക തങ്ങളുടെ കടമയാണെന്ന് സിഎബി പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയ പ്രതികരിച്ചു.
ആവശ്യമെങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വലിപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് ഈഡന്‍ ഗാര്‍ഡന്‍.