അബുദബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും കിങ്സ് ഇലവന്‍ പഞ്ചാബിനും ഇന്ന് നിര്‍ണായകം. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് യോഗ്യതക്കായുള്ള പോരാട്ടത്തില്‍ മുന്‍തൂക്കം ലഭിക്കും. 13ാം സീസണിലെ 50ാം മത്സരമാണ് ഇന്ന് അബുദബിയിലെ ഷൈഖ് സെയ്യിദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് നടക്കാനിരിക്കുന്നത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തും പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. ഇരു ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ഇതിനകം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കുകയും ചെയ്‌ത മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. മറുഭാഗത്ത് കൊല്‍ക്കത്തക്ക് എതിരെ ജയിച്ചാണ് പഞ്ചാബ് അബുദാബിയിലേക്ക് വണ്ടി കയറിയത്. മുഹമ്മദ് ഷമിയുടെ പേസ് ആക്രമണത്തിന് മൂര്‍ച്ചകൂടിയത് പഞ്ചാബിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയിരുന്നു. നായകന്‍ ലോകേഷ് രാഹുലും മന്‍ദീപ് സിങും ക്രിസ് ഗെയിലും ചേരുന്ന പഞ്ചാബിന്‍റെ ബാറ്റിങ് നിര ഏത് ഉയര്‍ന്ന സ്‌കോറും പിന്തുടര്‍ന്ന് ജയിക്കാനും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും ശേഷിയുള്ളതാണ്. തുടര്‍ച്ചയായ അഞ്ച് ജയവുമായാണ് പഞ്ചാബ് രാജസ്ഥാനെ നേരിടാന്‍ എത്തുന്നത്. നിലവില്‍ ജയിച്ച് ശീലിച്ച ടീമാണ് പഞ്ചാബിന്‍റേത്.
മറുവശത്ത് രാജസ്ഥാനും ശക്തമായ നിലയിലാണ്. മുംബൈക്ക് എതിരായ മത്സരത്തില്‍ അവര്‍ അത് തെളിയിച്ച് കഴിഞ്ഞു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സെന്ന വിജയ ലക്ഷ്യം 10 പന്ത് ശേഷിക്കെ ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സും സഞ്ജു സാംസണും ചേര്‍ന്ന് മറികടന്നിരുന്നു. സ്റ്റോക്‌സ് ടീമിന്‍റെ ഭാഗമായതും സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയതും രാജസ്ഥാന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ സ്റ്റോക്‌സ് സെഞ്ച്വറിയോടെ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. ജോഫ്ര ആര്‍ച്ചറും ശ്രേയസ് ഗോപാലും ഉള്‍പ്പെടുന്ന രാജസ്ഥാന്‍റെ ബൗളിങ് നിരയും ശക്തമാണ്.
സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. അന്ന് ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്‍റെ വിജയ ലക്ഷ്യം സഞ്ജു സാംസണിന്‍റെ കരുത്തില്‍ മൂന്ന് പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സമാന രീതിയിലുള്ള വെടിക്കെട്ട് ബാറ്റിങ് ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളുടെയും ആരാധകര്‍.