ജക്കാര്‍ത്ത: 2021ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് ഇന്ത്യോനേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. രാജ്യത്തെ പ്രധാനപ്പെട്ട 10 ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ ആറെണ്ണമാണ് ലോകകപ്പിനായി തെരഞ്ഞെടുത്തതെന്ന് അസേസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ദ്വീപ് രാഷ്ട്രമായ ഇന്ത്യോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലും സുമാത്രയിലും ബാലിയിലുമാണ് സ്റ്റേഡിയങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
2021 മെയ് 20 മുതല്‍ ജൂണ്‍ 12 വരെയാണ് ലോകകപ്പിന് ഇന്ത്യോനേഷ്യ ആതിഥേയത്വം വഹിക്കുക. ലോകകപ്പിന് മുന്നോടിയായി ഈ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഫിഫ പ്രതിനിധികള്‍ ആറ് സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. ലോകകപ്പ് നടത്തിപ്പിനായി ഇതിനകം അസോസിയേഷന് പ്രസിഡന്‍റ് ജോക്കോ വിഡോഡോ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജക്കാര്‍ത്തയിലെ ജലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയം, കിഴക്കന്‍ ജാവയിലെ ജലോറ ബുങ് ടൊമോ സ്‌റ്റേഡിയം, പടിഞ്ഞാറന്‍ ജാവയിലെ ഹാരുപട്ട് സ്റ്റേഡിയം, സെന്‍ട്രല്‍ ജാവയിലെ മേനഹാന്‍ സ്റ്റേഡിയം, സുമാത്രയിലെ ജലോറ ശ്രീവിജയ സ്റ്റേഡിയം, ബാലിയിലെ വയാന്‍ ദിപത് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.